ഷാർജയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച വായനോത്സവത്തിന്റെ 14-ാമത് എഡിഷൻ സമാപിച്ചു. 1300 മണിക്കൂർ നീണ്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സമാപിച്ചത്. ‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ എന്ന ആശയത്തിൽ എല്ലാ പ്രായക്കാരായവരെയും പഠനത്തിന്റെയും ഭാവനയുടെയും ലോകത്തേക്ക് നയിക്കാൻ വായനോത്സവത്തിലൂടെ സാധിച്ചു.
കുട്ടികൾ, യുവാക്കൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, കലാകാരന്മാർ, എഴുത്തുകാർ എന്നിവരുൾപ്പെടെ 1,22,000-ലധികം ആളുകളാണ് എക്‌സ്‌പോ സെന്റർ സന്ദർശിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ ഫാമിലി അഫലിയേഴ്‌സ് ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും നിർദേശമനുസരിച്ച് ഷാർജ ബുക്ക് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഭാവി തലമുറയെ ശാക്തീകരിക്കുക, അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നീ ഷാർജയുടെ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു വായനോത്സവം. കല, കായികം, സാങ്കേതികവിദ്യ, ചിത്രീകരണം, സംഗീതം എന്നിവയിൽ വിപുലമായ പ്രവർത്തനങ്ങൾ, പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയുടെ വൈവിധ്യപൂർണ്ണമായ അവതരണമായിരുന്നു പരിപാടിയിൽ നടന്നത്. വായനോത്സവത്തിൽ ലോകമെമ്പാടുമുള്ള 141 പ്രസാധകരും 66 രാജ്യങ്ങളിൽ നിന്നുള്ള 457 അതിഥികളും പങ്കെടുത്ത പരിപാടിയിൽ 1,732 ആകർഷകമായ വർക്ക്ഷോപ്പുകളും സെഷനുകളും സംഘടിപ്പിച്ചു.