തുടർച്ചയായി ലഭിക്കുന്ന പൊതു അവധി ദിനങ്ങൾ ആസ്വദിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗൾഫ് നിവാസികൾ. നീണ്ട അവധിയുളള മൂന്ന് വാരാന്ത്യങ്ങളാണ് ഇനി ഈ വർഷം യുഎഇയിലുളളതെന്ന് റിപ്പോർട്ടുകൾ.
ഈ വർഷത്തെ ആദ്യത്തെ നീണ്ട അവധി ലഭിച്ചത് ഏപ്രിലിൽ ഈദ് അൽ ഫിത്തറിന്റെ സമയത്തായിരുന്നു. UAE നിവാസികളുടെ രണ്ടാമത്തെയും ഏറ്റവും ദൈർഘ്യമേറിയതുമായ അവധി ദിനങ്ങൾ അടുത്ത മാസം ഈദ് അൽ അദ്ഹയുമായി ബന്ധപ്പെട്ടാണ് ലഭിക്കുക. ഈദ് അൽ അദ്ഹ വാരാന്ത്യം ഉൾപ്പെടെ ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായർ വരെയാണ് ആഘോഷിക്കുക. അതിനാൽ, ബലി പെരുന്നാളിന് ആറ് ദിവസത്തെ അവധി ഒന്നിച്ച് ലഭിക്കും.
പുതിയ ഇസ്ലാമിക വർഷം പ്രമാണിച്ച് ജൂലൈ 21 വെള്ളിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ ജീവനക്കാർക്ക് രണ്ട് ദിവസത്തെ വാരാന്ത്യം ഉൾപ്പെടെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. അവസാനത്തെ നീണ്ട അവധി 2023 സെപ്റ്റംബർ 29 വെള്ളിയാഴ്ച നബിദിനത്തിനാണ്. അതോടെ മറ്റൊരു മൂന്ന് ദിവസത്തെ വാരാന്ത്യം കൂടി ലഭിക്കും. ഡിസംബർ 2, 3 തീയതികളിൽ ആഘോഷിക്കുന്ന യുഎഇ ദേശീയ ദിനത്തിന്റെ അവധികൾ വാരാന്ത്യത്തിലായിരിക്കും.