കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുൻ മന്ത്രി ജി സുധാകരൻ. ജോൺ ഏബ്രഹാം സ്മാരക സമിതിയുടെ ‘ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും’ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രതികരണം.
‘മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചിലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിന്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചെന്നതാണ് ജോൺ എബ്രഹാമിന്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിന്റെ സിനിമകൾ,’ സുധാകരൻ പറഞ്ഞു.
മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. നടീ നടന്മാർ കോടിശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.