മുൻ പാകിസ്ഥാൻ പ്രാധാന മന്ത്രിയും തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക് സുപ്രീം കോടതി. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. അദ്ദേഹത്തെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇസ്ലാമാബാദ് കോടതി വളപ്പിൽ നിന്നാണ് ഇമ്രാൻ ഖാനെ സൈനികർ അറസ്റ്റ് ചെയ്തത്. ആരെയും കോടതി വളപ്പിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ അറസ്റ്റ് ചെയ്തതിനെതിരേ ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
കോടതി വളപ്പില്‍ നിന്ന് നൂറോളം സൈനികര്‍ കടന്നുകയറി നിയമവിരുദ്ധമായാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതത്. അവര്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൂടാതെ അറസ്റ്റ് മൂലം കോടതി അലക്ഷ്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഇമ്രാന്റെ അഭിഭാഷകന്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന കാര്യവും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്സ് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പില്‍നിന്ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ മാലിക് റിയാസ് എന്ന വസ്തുക്കച്ചവട ഭീമനില്‍ നിന്നും ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. ഇമ്രാന്റെ അറസ്റ്റ് ചൊവ്വാഴ്ച രാത്രി ഇസ്ലാമാബാദ് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്.