ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ എത്തുന്ന തീർഥാടകർക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു. ജൂൺ 25നാണ് ഹജ്ജ് ആരംഭിക്കുക. ഹജ്ജ് പെർമിറ്റ് ലഭിക്കുന്ന തീർഥാടകർക്ക് കോവിഡ് -19 വാക്സിനിൻറെ മൂന്ന് ഡോസുകളും ഉണ്ടായിരിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
അതേസമയം സീസണൽ ഫ്ലൂ, മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസ് എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകളും തീർത്ഥാടകർ എടുത്തിരിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്നവർ മഞ്ഞപ്പിത്തം, പോളിയോ എന്നിവയ്ക്കുള്ള വാക്സിനുകളും എടുത്തിരിക്കണം. ഏപ്രിൽ അഞ്ച് മുതൽക്കാണ് ഹജ്ജ് പെർമിറ്റ് നൽകി തുടങ്ങിയത്.
ഇതിന് മുൻപ് ഹജ്ജ് നിർവഹിക്കാത്തവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള ആളുകൾക്ക് ജൂൺ 25 വരെ നുസുക് ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ഇലക്ട്രോണിക് വിസകൾ, താമസം, ഗതാഗതം, വിമാനങ്ങൾ ബുക്ക് ചെയ്യൽ എന്നിവയ്ക്കായി ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും തീർത്ഥാടകരെ സഹായിക്കുന്ന ഒരു ഏകീകൃത സർക്കാർ പോർട്ടലാണ് നുസുക്ക്.