സിറിയയിൽ എംബസി പുനരാരംഭിക്കാൻ ഒരുങ്ങി സൗദി വിദേശകാര്യമന്ത്രാലയം. ഇത് അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അറബ് ലീഗിന്റെയും അനുബന്ധ സംഘടനകളുടെയും യോഗങ്ങളിലും കയ്‌റോയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും സിറിയയുടെ പങ്കാളിത്തം ഉറപ്പാക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.
അതേസമയം 10 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിറിയയും സൗദി അറേബ്യയും എംബസി തുറക്കാൻ തീരുമാനിച്ചത്. കൂടാതെ ഇറാനും സൗദി അറേബ്യയും തമ്മിൽ ബന്ധം പുനഃസ്ഥാപിച്ചതും സിറിയയുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കാരണമായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഡമാസ്‌കസിലെ എംബസി വീണ്ടും തുറക്കുന്നത് മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ എംബസി എപ്പോൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സിറിയയുടെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള അറബ് ലീഗിന്റെ തീരുമാനത്തെ തുടർന്നാണ് നടപടിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.