ഗ്രീൻ റിയാദ് പദ്ധതി വ്യാപിപ്പിച്ച് സൗദി. പാർപ്പിട പരിസരങ്ങളിൽ വൃക്ഷത്തൈ നടുന്ന പദ്ധതിയുടെ തുടർച്ചയാണ് ഇത്. പദ്ധതിയുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്ന നാലാമത്തെ പാർപ്പിട മേഖലയാണ് സൗദിയിലെ അൽ-ഉറൈജ. നിർവഹണ കരാറുകൾ ഇതിനോടകം തന്നെ ഒപ്പുവച്ചുവെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഖുർതുബ, അൽ-ഗാദിർ, അൽ-നഖീൽം എന്നിവിടങ്ങളിലും ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അൽ-ഉറൈജയിൽ സംഘടിപ്പിച്ച പരിപാടിയിൽ വനവൽക്കരണ പദ്ധതിയുടെ വിശദാംശങ്ങളെ പറ്റി വിശദീകരിച്ചു. കൂടാതെ പദ്ധതി പൂർത്തിയാകുന്നതുവരെ കടന്നുപോകുന്ന ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർ വ്യക്തമാക്കി. വനവൽക്കരണ പദ്ധതി വീടും പരിസരവും എങ്ങനെ പുനർനിർമ്മിക്കുമെന്ന് പ്രദേശവാസികൾക്ക് വിശദീകരിച്ച് നൽകുകയും ചെയ്തു.
അൽ-ഉറൈജയിൽ 30 പൂന്തോട്ടങ്ങൾ, 19 സ്‌കൂളുകൾ, 46 പള്ളികൾ, 70 പാർക്കിംഗ് സ്‌പേസുകൾ എന്നിവയിലായി 110,000 മരങ്ങൾ നട്ടുപിടിപ്പിച്ച് ലാൻഡ്‌സ്‌കേപ്പിംഗ് ആരംഭിക്കുകയാണ് പദ്ധതിയുടെ തുടക്കത്തിൽ ചെയ്യുക. കൂടാതെ 37 കിലോമീറ്ററോളം റോഡുകളിലായും മരങ്ങൾ നട്ടുപിടിപ്പിക്കും. 120-ലധികം റെസിഡൻഷ്യൽ അയൽപക്കങ്ങളിലെ വനവൽക്കരണമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം പ്രാദേശിക പരിസ്ഥിതി കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരത്തെ അടിസ്ഥാനമാക്കിയാണ് വനവൽക്കരണ പ്രവർത്തനങ്ങളുടെ രൂപകല്പനകൾ വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.