ഓൺലൈൻ പ്രോപ്പർട്ടി ടെക്നോളജി പ്ലാറ്റ്ഫോമായ സ്റ്റേക്ക് വഴി നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കും. ദുബായിലെ അതിവേഗം വളരുന്ന പ്രോപ്പർട്ടി മാർക്കറ്റ് ആണ് സ്റ്റേക്ക്. രണ്ട് മില്യൺ ദിർഹമോ അതിൽ കൂടുതലോ നിക്ഷേപിച്ച് ഗോൾഡൻ വിസ തേടുന്ന നിക്ഷേപകർക്ക് ഇതുവഴി 10 വർഷത്തെ യുഎഇ റെസിഡൻസി പെർമിറ്റ് ലഭിക്കും.
ദുബായിൽ ഇതാദ്യമായാണ് ഡിജിറ്റൽ നിക്ഷേപ പ്ലാറ്റ്ഫോം വഴി നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (ഡിഐഎഫ്സി) രജിസ്റ്റർ ചെയ്തിട്ടുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) വഴി പ്രോപ്പർട്ടികളിലെ നിക്ഷേപകർക്ക് കമ്പനി ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഗോൾഡൻ വിസയ്ക്ക് യോഗ്യത നേടുന്നതിന് നിക്ഷേപകർ എവിടെ താമസിക്കണം എന്നതിന് യാതൊരു നിയന്ത്രണവുമില്ല.
ദുബായുടെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ആഗോള നിക്ഷേപകർക്കായി സ്റ്റേക്ക് വാതിലുകൾ തുറക്കുകയാണെന്ന് സ്റ്റേക്കിന്റെ സഹസ്ഥാപകനും കോ-സിഇഒയുമായ റാമി തബ്ബാര പറഞ്ഞു. കൂടാതെ, പ്രോപ്പർട്ടി നിക്ഷേപകർക്കും അന്തിമ ഉപയോക്താക്കൾക്കും ഒരു പ്രോപ്പർട്ടിയിൽ രണ്ട് ദശലക്ഷം ദിർഹം നിക്ഷേപിച്ച് ഗോൾഡൻ വിസ നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന), ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള ദീർഘകാല റെസിഡൻസി ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് ഗോൾഡൻ വിസ ഒരു പ്രധാന ആകർഷണമാണെന്നും തബ്ബാര പറഞ്ഞു. പ്രോപ്പർട്ടി നിക്ഷേപകർക്ക് പുറമേ, ശാസ്ത്രജ്ഞർ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ, കഴിവുള്ള വിദ്യാർത്ഥികൾ എന്നിവർക്കും ഗോൾഡൻ വിസ അനുവദിക്കുന്നുണ്ട്.