സർക്കാർ ജീവനക്കാരോ പൊതുപ്രവർത്തകരോ ആയി ആൾമാറാട്ടം നടത്തുന്ന വ്യക്തികൾക്ക് പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് യുഎഇ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു. തെറ്റായ തൊഴിൽ വിവരണങ്ങളുടെ അനന്തരഫലങ്ങൾ വ്യക്തമാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2021 ലെ ക്രൈംസ് ആൻഡ് പെനാൽറ്റി നിയമം പ്രഖ്യാപിക്കുന്ന ഡിക്രി-നമ്പർ 31-ലെ ആർട്ടിക്കിൾ (299) പ്രകാരം ഒരു പൊതു സ്ഥാനത്ത് ആൾമാറാട്ടം നടത്തുന്നയാൾക്ക് അഞ്ച് വർഷത്തിൽ കൂടാത്ത തടവും അതേ ശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു ജോലിയിലോ സേവനത്തിലോ ഇടപെടുകയോ നിയമവിരുദ്ധമായ ഉദ്ദേശ്യം നേടിയെടുക്കുന്നതിനോ ശ്രമിച്ചാൽ ഗുരുതര വകുപ്പുകളിൾ ഉൾപ്പെടുത്തും.
തനിക്കോ മറ്റുള്ളവർക്കോ ഏതെങ്കിലും തരത്തിലുള്ള നേട്ടം കരസ്ഥമാക്കുന്നതിനൊ മറ്റുളളവരെ ഭീഷണിപ്പെടുത്തുന്നതിനൊ ആൾ മാറാട്ടം നടത്തിയാൽ ക്രിമിനൽ കുറ്റമാണ് ചുമത്തപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സെക്യൂരിറ്റിയിലോ പോലീസ് സേവനങ്ങളിലോ ഉള്ള ജീവനക്കാരായാണ് ആൾ മാറാട്ടമെങ്കിൽ ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവായിരിക്കും ശിക്ഷ ലഭിക്കുക.