സമസ്ത ഇസ്ലാമിക് സെൻറർ നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രവാസലോകം. ഹൃദയഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി ജിദ്ദയിൽ വച്ചാണ് മരണം.48 വയസ്സായിരുന്നു. സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു.
വാഴാഴ്ച നാട്ടിൽ പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ മരണമെത്തുകയായിരുന്നു. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുബൈർ സൗദിയിലെ മത-സാമൂഹ്യമേഖലയിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്.നേരത്തെ ദുബൈ കെഎംസിസിയിൽ സജീവമായിരുന്നു.
ദുബായിലും ജിദ്ദയിലും നൂറ് കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന വ്യക്തിത്വം കൂടിയാണ് വിടവാങ്ങിയത്. യുഎഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായിരുന്ന എം.സി സൈതലവി ഹാജിയുടേയും അല്‍ ഐന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ മുന്‍ പ്രസിഡൻ്റും ഇപ്പോള്‍ കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്രുമായ എം.സി.അസീസിൻ്റേയും സഹോദര പുത്രനാണ് സുബൈർ ഹുദവി.
സുബൈർ ഹുദവിയുടെ നിര്യാണത്തിൽ പ്രവാസ ലോകത്തെ നിരവധി ആളുകൾ അനുശോചനം രേഖപ്പെടുത്തി. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ അനുശോചനം അറിയിച്ചു.