ഉയർന്ന എണ്ണ ഉൽപ്പാദനം, സാമ്പത്തിക – വ്യാവസായ പരിഷ്‌കരണം, പുതിയ നിക്ഷേപ അവസരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ യുഎഇയുടെ വളർച്ചാ നിരക്ക് ഉയരുമെന്ന് ലോകബാങ്ക്. 2024 വർഷത്തേക്കുള്ള യുഎഇയുടെ വളർച്ചാ പ്രവചനം 1.1 ശതമാനം മുതൽ 3.4 ശതമാനയായി ഉയർത്തി ലോകബാങ്ക് പരിഷ്കരിച്ചു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇ 3.4 ശതമാനം വളർച്ച കൈവരിക്കുമെന്നും 2024ലും 2025ലും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും ലോകബാങ്ക് പ്രതീക്ഷിക്കുന്നു.അതേസമയം എണ്ണ ഉൽപ്പാദനം പരിമിതപ്പെടുത്തിയതും സാമ്പത്തിക വ്യവസ്ഥകൾ കർശനമാക്കിയതും കാരണം 2023-ലെ ജിഡിപി വളർച്ച 1.3 ശതമാനം മുതൽ 2.8 ശതമാനം വരെ താഴേയ്ക്കും പരിഷ്കരിച്ചു.
എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിൻ്റെ ഫലമായി ഒപെക് + രാജ്യങ്ങളുടെ ജിഡിപിയിലാണ് കുറവ് പ്രതീക്ഷിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ വളർച്ച സംബന്ധിച്ചും കണക്കുകളിൽ കുറവ് വരുത്തി. ജിസിസി മേഖലയെ സംബന്ധിച്ചിടത്തോളം ലോകബാങ്ക് 2023 ലെ പ്രൊജക്ഷൻ 1.3 ശതമാനം മുതൽ 2.4 ശതമാനം വരെയായി കുറച്ചു, എന്നാൽ 2024 ലെ പ്രൊജക്ഷൻ 0.8 ശതമാനം മുതൽ 3.2 ശതമാനം വരെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ആഗോള വളർച്ച 2022 ൽ 3.1 ശതമാനത്തിൽ നിന്ന് 2023 ൽ 2.1 ശതമാനമായി കുത്തനെ കുറഞ്ഞുവെന്നും ലോകബാങ്ക് സൂചിപ്പിച്ചു. ഉയർന്ന ആഗോള പലിശ നിരക്കുകൾക്കിടയിൽ വളർന്നുവരുന്ന വിപണിയിലും വികസ്വര സമ്പദ്‌വ്യവസ്ഥയിലും സാമ്പത്തിക സമ്മർദ്ദം തീവ്രമാകുകയാണെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകി.