സൗദിയിലെ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകിത്തുടങ്ങി. നുസുക്ക് ആപ്പ് വഴി പെർമിറ്റ് എടുത്തവർക്ക് ഉംറക്കും റൗദ ഷരീഫിൽ നമസ്കരിക്കുന്നതിനും അനുമതിയുണ്ട്.
മുഹറം ഒന്ന് ജൂലൈ 19 മുതൽക്കാണ് പുതിയ ഉംറ സീസൺ ആരംഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിലേയ്ക്ക് വന്ന് തുടങ്ങും. നിലവിൽ സൗദിയിൽ ഏത് തരം വീസയിൽ കഴിയുന്നവർക്കും ഇപ്പോൾ ഉംറ ചെയ്യാൻ അനുമതി ലഭിക്കുന്നുണ്ട്.
അതേസമയം ജൂലൈ 19 മുതൽ വിദേശ തീർഥാടകർ കൂടി വന്നു തുടങ്ങുന്നതോടെ വീണ്ടും തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തുന്നത്. മദീനയിലെ റൗദ ഷരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഉംറ നിർവഹിക്കാൻ രണ്ട് മണിക്കൂർ വീതവും റൗദ ഷരീഫിൽ നമസ്കരിക്കാൻ അര മണിക്കൂർ വീതവുമാണ് അനുവദിക്കുന്നത്. ഹജ് സീസൺ അവസാനിച്ചതോടെയാണ് വീണ്ടും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. കൂടാതെ ഹജ് കർമ്മങ്ങൾക്കായി ഹാജിമാർ എത്തി തുടങ്ങിയതോട് കൂടി ജൂൺ 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവച്ചത്.