യുഎഇയില്‍ വിസ പരിഷ്കാരങ്ങളുടെ ആദ്യഘട്ടം നടപ്പാക്കിത്തുടങ്ങിയതോടെ വിവരങ്ങൾ അന്വേഷിച്ച് ഏജന്‍സികളെ സമീപിക്കുന്നവരുടെ എണ്ണം കൂടി. ഗോൾഡന്‍ വിസ, ഗ്രീന്‍ വിസ, മൾട്ടി എന്‍ട്രി വിസിറ്റ് വിസ എന്നിവയെക്കുറിച്ചാണ് കൂടുതല്‍ അന്വേഷണങ്ങളും. ഓക്ടോബര്‍ മൂന്ന് മുതല്‍ പുതിയ പരിഷ്കാരങ്ങൾ നിലവില്‍ വരുന്നതിന്‍റെ തുടക്കമെന്ന നിലയിലാണ് ഗ്രീന്‍ വിസ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്.
യുഎഇയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണ് പ്രധാനമായും ഗോൾഡന്‍ വിസ അനുവദിക്കുന്നത്.20 ലക്ഷം ദിര്‍ഹത്തം നിക്ഷേപിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം കാലാവധിയുളള ഗോൾഡന്‍ വിസ അനുവദിക്കും. ബിരുദധാരികൾക്കാണ് ഗ്രീന്‍ വിസ അനുവദിക്കുക. അപേക്ഷകരുടെ പ്രതിമാസ ശമ്പളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മാനദണ്ഡമാക്കിയാണ് ഗ്രീന്‍ വിസ അനുവദിക്കുക.
അതേസമയം സ്പോണ്‍സര്‍ ആവശ്യമില്ലാത്ത മൾട്ടി എന്‍ട്രി വിസയ്ക്കായി നിരവധിപ്പേരാണ് ഏജന്‍സികളെ സമീപിക്കുന്നത്. യുഎഇയില്‍ താമസിച്ച് ഫ്രീലാന്‍സായി ജോലിയെടുക്കാമെന്നതാണ് പ്രത്യേകത. കരാര്‍ അടിസ്ഥാനത്തില്‍ കമ്പനികൾക്ക് വേണ്ടിയും പ്രവര്‍ത്തിക്കാം. രണ്ട് വര്‍ഷം കാലാവധിയുളള സാധാരണ വിസയേക്കാൾ അഞ്ചു വര്‍ഷം കാലാവധിയുളള വിസ കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍.