യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കുകളിൽ മൂന്നിരട്ടി നവെന്ന് ട്രാവൽ ഏജന്റുമാർ. കഴിഞ്ഞ മാസം ചില തിരക്കേറിയ റൂട്ടുകളിലേക്കുള്ള വിമാനങ്ങൾ ഇന്ത്യൻ ദേശീയ വിമാനക്കമ്പനികൾ റദ്ദാക്കിയത് സ്ഥിതി സങ്കീർണമാക്കി. യുഎഇ-ഇന്ത്യ റൂട്ടുകളിൽ കൂടുതൽ ശേഷി അനുവദിക്കണമെന്ന് ട്രാവൽ ഏജൻ്റുമാരും പ്രവാസി സംഘടനകളും ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
യാത്രാക്കൂലി മൂവായിരം ദിർഹത്തിന് അടുത്തെത്തിയത് പ്രവാസികളെ സാരമായി ബാധിക്കുന്നതാണ്. മാർച്ച് 25 മുതൽ, എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പ്, കോഴിക്കോട്, ഇൻഡോർ, ഗോവ എന്നിവയുൾപ്പെടെ യുഎഇയിൽ നിന്നുള്ള വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
വിമാനങ്ങൾ റദ്ദാക്കാനും ചെറിയ വിമാനങ്ങൾ വിന്യസിക്കാനുമുള്ള തീരുമാനം കേരളം ഉൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യാത്രക്കാരെയാണ് സാരമായി ബാധിച്ചത്. അതേസമയം തിരക്കേറിയ വേനൽക്കാലത്ത് പ്രവാസികളെ സഹായിക്കാൻ കേരളസർക്കാർ ഷെഡ്യൂൾഡ് വിമാനങ്ങൾ ഏർപ്പെടുത്താനുളള നീക്കവും നടത്തുന്നുണ്ട്. ഇതിനായി കേന്ദ്രത്തിൻ്റെ അനുമതിയും തേടിയിട്ടുണ്ട്.