വേനൽക്കാലം ആരംഭിച്ചതോടെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനൊരുങ്ങി ദുബായ്. ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ അവസാനിച്ചതിന് പിന്നാലെയാണ് സന്ദർശകരെ ആകർഷിക്കുന്ന മറ്റ് കേന്ദ്രങ്ങൾക്കും താത്കാലിക പൂട്ട് വീഴുന്നത്.
മിറക്കിൾ ഗാർഡൻ, ഹത്താ റിസോർട്ട്, റൈപ്പ് മാർക്കറ്റ് എന്നിവയുടെ സീസൺ ഒരുമാസത്തിനുളളിൽ അവസാനിക്കുമെന്നാണ് ടൂറിസം വകുപ്പിൻ്റെ അറിയിപ്പ്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചിട്ടുണ്ട്.
പൂക്കളുടെ പറുദീസായ മിറക്കിൾ ഗാർഡൻ ജൂൺ 4ന് അടയ്ക്കാനാണ് തീരുമാനം.നിലവിൽ 15 കോടിയിലേറെ ചെടികളുമായി പൂത്തുലഞ്ഞു നിൽക്കുകയാണ് മിറക്കിൾ ഗാർഡൻ. രാവിലെ 9 മുതൽ രാത്രി 9വരെയാണ് സന്ദർശകർക്ക് പ്രവേശനം. മുതിർന്നവർക്ക് 75 ദിർഹവും കുട്ടികൾക്ക് 60 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്കു സൗജന്യപ്രവേശനവും അനുവദിച്ചിട്ടുണ്ട്.
മലകയറ്റം ഇഷ്ടപ്പെടുന്നവരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നാണ് ഹത്താ റിസോർട്ട്. ഇവിടെ പത്ത് ദിവസം കൂടി മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കു. മെയ് 15ന് കേന്ദ്രം അടയ്ക്കും. 975 ദിർഹം മുതലാണ് ഓരോ സന്ദർശകർക്കുമുളള ടിക്കറ്റ് നിരക്ക്. ഇതിനൊപ്പം അക്കാദമിക് പാർക്കിലെ ഓർഗാനിക് പച്ചക്കറികൾ വിൽക്കുന്ന ദ് റൈപ് മാർക്കറ്റ് മെയ് 14ന് അടയ്ക്കുമെന്നും അറിയിപ്പുണ്ട്.