അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിച്ചാൽ അക്കൗണ്ട് കാലിയാവും, സൂക്ഷിച്ചോളു. മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ. നിരവധി പേരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ പണമടയ്ക്കുന്നതിൽ നിന്നും ആളുകൾ പൂർണ്ണമായും വിട്ടുനിൽക്കണം. ഇത്തരത്തിൽ പണമടച്ചവർക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മുഴുവൻ പണവും തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ് വേഡ്, അക്കൗണ്ട് ഉടമയുടെ പേര് തുടങ്ങിയ സുപ്രധാന വിവരങ്ങൾ തട്ടിപ്പ് സംഘം നിയമവിരുദ്ധമായി നേടിയെടുത്തുകൊണ്ട് പണം അപഹരിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുമെന്ന് കേൾക്കുമ്പോഴേക്കും സന്ദേശങ്ങളോട് പ്രതികരിച്ചവരാണ് ഈ കെണിയിൽ അകപ്പെട്ടത്.
തട്ടിപ്പുകാരിൽ നിന്നും സുരക്ഷിതരാകാൻ ബാങ്കിംഗ് ഇടപാടുകൾ എപ്പോഴും പരിശോധിക്കണം. സംശയാസ്പദമായ ഫോൺ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയുമരുത്. മാത്രമല്ല, അപരിചിതരിൽ നിന്ന് പണം സ്വീകരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.