ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുംദിവസങ്ങളിൽ തിരക്കേറുമെന്ന് റിപ്പോർട്ടുകൾ. വേനലവധി കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുന്നത് പരിഗണിച്ച് കൂടുതൽ യാത്രക്കാർക്ക് സൌകര്യമൊരുക്കുകയാണ് അധികൃതർ.
അടുത്ത 13 ദിവസത്തിനിടയിൽ ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ദുബായ് ഇൻ്റർനാഷണൽ (DXB) തയ്യാറായിക്കഴിഞ്ഞു. പ്രതിദിനം ശരാശരി 264,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ ബുധനാഴ്ച വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഓഗസ്റ്റ് 31-നും സെപ്റ്റംബർ 1-നും ഇടയിൽ അര ദശലക്ഷത്തിലധികം അതിഥികളെത്തും.
291,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന സെപ്റ്റംബർ 1 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നാണ് നിഗമനം. തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ദുബായ് എയർപോർട്ട്സ് എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, സേവന പങ്കാളികൾ എന്നിവരുമായി സഹകരിച്ചാണ് സൌകര്യങ്ങൾ ഒരുക്കുന്നത്.