മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ ആദ്യ ബഹുനില പാർക്കിംഗ് സംവിധാനം കൂടിയാണിത്.
982 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി ഒരുങ്ങുന്നത്. സ്മാർട്ട് ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചായിരിക്കും പാർക്കിങ് സ്ഥലത്തിന്റെ പ്രവർത്തനം നടക്കുക. അതായത്, ഡ്രൈവറില്ലാതെ തന്നെ പാർക്ക് ചെയ്യാനും വാഹനം പുറത്തേക്കെത്തിക്കാനും ഈ സംവിധാനത്തിലൂടെ കഴിയും.
മദീന നഗരസഭയുടെ നേതൃത്വത്തിൽ മദീനയിലെ മസ്‌ജിദുന്നബവിക്ക് സമീപമാണ് ബഹുനില പാർക്കിംഗ് സംവിധാനത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നത്. 9 കോടി റിയാലാണ് പദ്ധതിക്കായി ചെലവ് കണക്കാക്കുന്നത്.