ദുബായിലെ ബസ് ഗതാഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
പബ്ലിക് ബസുകളെ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട് എന്നിവയുമായി കൂടുതൽ ബന്ധിപ്പിക്കാനാണ് തീരുമാനം. അതോടൊപ്പം, ദുബായിലെ വിവിധ പ്രദേശങ്ങളിലെ ഇൻ്റേണൽ ബസ് റൂട്ടുകളും യുഎഇയിലുടനീളമുള്ള മറ്റ് എമിറേറ്റുകളുമായി ദുബായിയെ ബന്ധിപ്പിക്കുന്ന ഇൻ്റർസിറ്റി റൂട്ടുകളും വികസനത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ആർടിഎ അടുത്തിടെ നടത്തിയ ‘ടോക്ക് ടു അസ്’ എന്ന വെർച്വൽ സെഷനെ തുടർന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പരിപാടിയിൽ വെച്ച് ദുബായ് ബസ് ശൃംഖലയുടെയും ഇൻ്റർസിറ്റി ബസ് സർവീസിന്റെയും വിപുലീകരണ സാധ്യതകൾ ഉൾപ്പെടെയുള്ള പ്രവർത്തനക്ഷമമായ ഒട്ടേറെ നിർദേശങ്ങളും സെഷനിൽ നിന്ന് ലഭിച്ചിരുന്നു.