മെഗാ സ്റ്റാർ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും അവാർഡ് നൽകിയതിന്റെ വിറയൽ ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്ന് നടി മഞ്ജു വാരിയർ. വിദേശത്തു നടന്ന ആനന്ദ് ഫിലിം അവാർഡ് ദാന ചടങ്ങിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം മമ്മൂട്ടിക്കും സുൽഫത്തിനുമായി മഞ്ജു വാരിയർ സമ്മാനിച്ചത്. മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ആയിരുന്നു മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. ചിത്രം നിർമ്മിച്ച മമ്മൂട്ടി കമ്പനിക്ക് വേണ്ടി സുൽഫത്ത് ആയിരുന്നു മഞ്ജുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയത്.
അഭിനയത്തിലെ ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടും തൂണിനും ഒരു വിജയ സമ്മാനം കൈമാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല . വിറയ്ക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു കൂടി സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും ഒരുപാട് നന്ദിയുണ്ടെന്നും മഞ്ജു വാരിയർ കുറിച്ചു. മഞ്ജു വാരിയർക്ക് ആയിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ, മേരി ആവാസ് സുനോ എന്ന ചിത്രങ്ങളിലെ അഭിനയത്തിനാണ് മഞ്ജു പുരസ്കാരം സ്വന്തമാക്കിയത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദിവസം യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന താരസംഗമത്തിൽ മമ്മൂട്ടി, ജോജു ജോർജ് ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, അപർണ ബാലമുരളി, തുടങ്ങി മലയാള സിനിമയിലെ നീണ്ട താരനിര പങ്കെടുത്തിരുന്നു. ലോക കേരള സഭ അംഗവും ആനന്ദ് ടിവി ചെയർമാനുമായ എസ്. ശ്രീകുമാറാണ് അവാർഡ് നൈറ്റിന് നേതൃത്വം നൽകിയത്.