മൂന്നാം ലോക കേരള സഭ സമാപിച്ചു. പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ് സമാപനം. ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തിന്റെ നടപടി അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തെ എന്ത് ജനാധിപത്യ ബോധമാണ് നയിക്കുന്നതെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവിന്റെ വിശാല മനസിന് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഈ നടപടി നാട് അംഗീകരിക്കില്ല. പ്രവാസി വിവര ശേഖരണത്തിനായുള്ള സര്‍വെ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയില്‍ നിന്ന് വിട്ടു നിന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും എന്ത് കിട്ടുന്നു എന്നുനോക്കാതെ പണി എടുക്കുന്ന പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണില്‍ചോര ഇല്ലാത്ത ക്രൂരതയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
എന്നാൽ ഭക്ഷണം നൽകുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി വേദി പങ്കിടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പ്രതിപക്ഷം വിട്ടു നിന്നതെന്നും കാര്യങ്ങള്‍ മനസിലാക്കിയിട്ടും യൂസഫലിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്നും വി ഡി സതീശന് പറഞ്ഞു.
പ്രതിപക്ഷം വിട്ടുനിന്നപ്പോഴും യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ സഭയുടെ ഭാഗമായി പങ്കെടുത്തു. ചിലര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോഴും ചിലര്‍ ലോക കേരള സഭയോട് അനുകൂല നിലപാടാണ് എടുത്തത്.