രണ്ട് കാബിനറ്റ് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള അഭ്യർത്ഥനയെച്ചൊല്ലി കുവൈത്ത് ദേശീയ അസംബ്ലിയിലുണ്ടായ തര്‍ക്കം മന്ത്രിസഭയുടെ രാജിയില്‍ കലാശിച്ചു. ആഴ്ചകൾ നീണ്ട പിരിമുറുക്കത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ കീഴിലുള്ള കുവൈത്ത് സർക്കാർ രാജി സമർപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ.
സർക്കാരിന്റെ രാജിക്കത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ അറിയിച്ചതായി പ്രധാനമന്ത്രി മന്ത്രിസഭയോട് വ്യക്തമാക്കി. എന്നാല്‍ രാജി കുവൈത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് വര്‍ഷത്തിനിടെ കുവൈറ്റിന്റെ അഞ്ചാമത്തെ മന്ത്രിസഭ രാജിയാണിത്. ജനകീയ കരട് നിയമങ്ങളില്‍ ദേശീയ അസംബ്ലിയോട് പ്രതിജ്ഞാബദ്ധത കാണിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
നിയമസഭയിലെ രണ്ട് വനിതാ എംപിമാരിൽ ഒരാളായ ജെനാൻ ബൗഷെഹ്‌രി, കാബിനറ്റ് കാര്യ മന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായ ബരാക് അൽ ഷൈതാനെ പാർലമെന്റിൽ ചോദ്യം ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനിടെ പ്രതിപക്ഷ എംപി മുബാറക് അൽ ഹജ്‌റഫ് ധനമന്ത്രി അബ്ദുൾവഹാബ് അൽ റുഷൈദിനെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. രണ്ട് മന്ത്രിമാര്‍ക്കെതിരായ അന്വേഷണം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞായറാഴ്ച എംപിമാര്‍ നിരസിക്കുകയും ചെയ്തു.
ഇതോടെയാണ് സര്‍ക്കാരും ദേശീയ അസംബ്ലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പതിവ് നിയമസഭ സമ്മേളനങ്ങളിലും പാര്‍ലമെന്‍റിലും ദേശീയ അസംബ്ളി സഹകരിക്കാതായതെോടെയാണ് രാജി അനിവര്യമാണെന്ന ഘട്ടത്തിലെത്തിയത്.
ഏകദേശം ബില്യൺ കുവൈറ്റ് ദിനാർ മൂല്യമുളള കുവൈറ്റ് പൗരന്മാരുടെ ഉപഭോക്തൃ, വ്യക്തിഗത വായ്പകൾ സർക്കാർ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന കരട് ബില്ലിനെ കേന്ദ്രീകരിച്ചാണ് ഭരണപ്രതിപക്ഷ തര്‍ക്കം രൂക്ഷമായത്. ഖജനാവിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ചെലവേറിയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ എംപിമാരെ കുറ്റവിചാരണചെയ്യണമെന്ന ആവശ്യം ഉയരുകയായിരുന്നു.