47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക – യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. അക്ഷരപ്രേമികൾക്കായി നവംബർ 30 വരെയാണ് മേള സംഘടിപ്പിക്കപ്പെടുക.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഒരു മണിവരെയും വൈകുനേരം 4.30 മുതൽ രാത്രി 10 മണി വരെയും വെള്ളിയാഴ്ച നാല് മണി മുതൽ 10 മണി വരെയും ശനിയാഴ്‌ച രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും സന്ദർശകർക്ക് പുസ്തക മേളയിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കും. പ്രവേശനം സൗജന്യമാണ്. കുവൈത്ത് പ്രധാനമന്ത്രിയുടെ രക്ഷാകർതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
31 രാജ്യങ്ങളിൽ നിന്നുള്ള 544 പ്രസിദ്ധീകരണശാലകൾ തങ്ങളുടെ പുസ്‌തകങ്ങൾ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. മൂന്ന് ഹാളുകളിലായി 348 സ്‌റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഹാൾ നമ്പർ 5-ൽ 153, നമ്പർ 6-ൽ 149, നമ്പർ 7-ൽ 46-എണ്ണവുമാണ്. പാനൽ ഡിസ്കഷൻ, ശിൽപശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.