ഐസിസിയുടെ ടി20 റാങ്കിങിൽ കുതിച്ചുയർന്ന് ഇന്ത്യയുടെ തിലക് വർമ. 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമത് എത്തിയിരിക്കുകയാണ് താരം. രണ്ട് സെഞ്ച്വറിയടക്കം നേടി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് തിലകിനെ മുന്നിലെത്തിച്ചത്.
ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്ഡ് ഒന്നാം സ്ഥാനവും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ആദ്യമായാണ് തിലക് റാങ്കിങിൽ പത്തിനുള്ളിൽ സ്ഥാനം നേടുന്നത്. തിലക് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമതെത്തി.
ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണും റാങ്കിങിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്താണ് സഞ്ജു നിലവിലുള്ളത്. അതേസമയം, ടി20 ടീം റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓസ്ട്രേലിയ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്.