കോവിഡിന്‍റെ വകഭേതം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കിന്‍റെ വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയായിരിക്കും വിതരണം ചെയ്യുക. നേരത്തെ നേസല്‍ കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐയുടെ അനുമതി ലഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ബൂസ്റ്റര്‍ ഡോസായി വിതരണം ചെയ്യാനാണ് തീരുമാനം. 18 വയസിന് മുകളിലുളളവര്‍ക്ക് നേസല്‍ വാക്സിന്‍ ഉപയോഗിക്കാം. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്ന് ഭാരത് ബയോടെക്കാണ് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. കോവീഷീല്‍ഡ്, കോവാക്‌സീന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സീന്‍ സ്വീകരിക്കാം. ഇന്‍കോവാക് (ബി.ബി.വി.154) എന്നാണ് വാക്സിന്‍റെ പേര്.
പുതിയ വാക്സിന്‍ കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്‌സ്, റഷ്യന്‍ വാക്‌സിനായ സ്പുടിന്‍- 5, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് എന്നിവയാണ് കോവിന്‍ പോര്‍ട്ടലില്‍ ഉൾപ്പെടുത്തിയിട്ടുളളത്. അതേസമയം കോവിഡ് വ്യാപനം ഉണ്ടായാൽ അടിയന്തര ഇടപെടല്‍ നടത്താനുളള മുന്നൊരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.