ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് ആരംഭിക്കാൻ ഒരുങ്ങി ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കഴിഞ്ഞ മാസം ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് കമ്പനി സർവിസ് തുടങ്ങിയിരുന്നു. ഒക്ടോബര്‍ രണ്ട് മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് സർവിസുകൾ ആരംഭിക്കുന്നത്. ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എയർവേയ്സ് ആണ് സലാം എയർ.
ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴിയാണ് സർവിസ് നടത്തുക. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നും ആണ് സർവിസ് നടത്തുന്ന സമയങ്ങൾ. അന്നേ ദിവസം തന്നെ വൈകുന്നേരം 4.20ന് തിരിച്ച് ഫുജൈറയിലേക്കും സർവിസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിന് പുറമെ ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്കും കമ്പനി സർവിസ് നടത്തുന്നുണ്ട്.
അതേസമയം തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണിക്കും വൈകുന്നേരം 8.15നുമാണ് സർവിസ് നടത്തുന്നത്. കൂടാതെ കുറഞ്ഞ വിമാന നിരക്കും 40 കിലോ ലഗ്ഗേജും അനുവദിക്കുന്നതിനാൽ സമീപ പ്രദേശങ്ങളിലും മറ്റു എമിറേറ്റ്സുകളിലുമുള്ള യാത്രക്കാർ സലാം എയറിനെയാണ് ആശ്രയിച്ചു പോരുന്നത്.