അബുദാബിയിൽ പുതിയതായി ആരംഭിച്ച ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഭാഗമായ കാൻസർ കെയർ സെൻ്ററിൽ ഡ്രോപ്പ്-ഇൻ രോഗികൾക്ക് ഇൻഷുറൻസ് സ്റ്റാറ്റസ് പരിഗണിക്കാതെ സൗജന്യമായി കൺസൾട്ടേഷനുകൾ നൽകാൻ തീരുമാനം. സഹിഷ്ണുത – സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്.
ഇൻഷുറൻസ് നിലയോ പശ്ചാത്തലമോ പരിഗണിക്കാതെ ക്യാൻസർ ബാധിച്ച ഏതൊരു രോഗിക്കും കാൻസർ കെയർ സെൻ്ററിൽ കൺസൾട്ടേഷൻ തേടാം. സൗജന്യ കാൻസർ കൺസൾട്ടേഷനുകൾ നൽകുന്നത് രോഗത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവയ്പാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഹുമൈദ് അൽ ഷംസി പറഞ്ഞു. ഉയർന്ന ചെലവ് കാരണം ഞങ്ങൾക്ക് സൗജന്യമായി ചികിത്സിക്കാൻ കഴിയില്ലെങ്കിലും സമഗ്രമായ കൺസൾട്ടേഷനാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സമർപ്പിത സ്തനാർബുദ യൂണിറ്റ് , സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, നാല് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന നിരവധി സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. ക്യാൻസർ രോഗനിർണയത്തിനുളള ടാർഗെറ്റഡ് തെറാപ്പി, പ്രിസിഷൻ മെഡിസിൻ, റേഡിയേഷൻ തെറാപ്പി, ഹാർനെസ് AI എന്നിവ നൽകുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഇവിടെയുണ്ട്.
യുഎഇയുടെ ആരോഗ്യ സംരക്ഷണ തന്ത്രത്തെ പൂർണമായും പിന്തുണയ്ക്കുന്നതാണ് ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം. ആരോഗ്യമുള്ള ഒരു ജനത എന്ന യുഎഇയുടെ കാഴ്ചപ്പാടുമായി യോജിച്ചുകൊണ്ടാണ് സമഗ്ര ക്യാൻസർ പരിചരണത്തിനുള്ള പ്രയത്നമെന്നും ഹുമൈദ് അൽ ഷംസി വ്യക്തമാക്കി.