യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് ഇന്ന് പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അബുദാബിയിലെ ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അൽ ദഫ്ര മേഖലയിൽ രാവിലെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. അതോടൊപ്പം ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കാനും ഡ്രൈവർമാരോട് നിർദേശിച്ചു.
ഇന്ന് രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. അതോടൊപ്പം നാളെ രാവിലെ വരെ ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞും മണിക്കൂറിൽ 30 കിലോ മീറ്ററിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.