ഇ- സ്കൂട്ടര്‍ അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപശ്ചാത്തലത്തില്‍ ബോധവത്കരണം ശക്തമാക്കി അബുദാബി പൊലീസ്. മലയാളം ഉൾപ്പടെ വിവിധ ഭാഷകളില്‍ ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനം. ഡിജിറ്റല്‍ ബോധവത്കരണവും നടപ്പിലാക്കും.
ബസുകളുടെ സ്ക്രീനിലും തിയേറ്ററുകളിലും മറ്റും ബോധവക്കരണത്തിന്‍റെ ഭാഗമായി ഹ്രസ്വ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹാമിരി പറഞ്ഞു. വിവിധ സംഘടകളുമായി സഹകരിച്ചാണ് ക്യാമ്പൈനുകൾ നടത്തുക.
അപകടങ്ങളെപ്പറ്റി പൊതുജനങ്ങൾക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും പൊതുസുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ആറുമാസത്തിനിടെ അപകടത്തില്‍പ്പെട്ട 17 പേര്‍ക്ക് ഗുരുതരപരുക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇ- സ്കൂട്ടറിന്‍റെ ബ്രേക്കിംഗ് സംവിധാനം, ഹോണ്‍, വേഗപരിധി,സിഗ്നല്‍ ലൈറ്റുകൾ, എന്നിവ മാനദണ്ഡങ്ങൾ അനുസരിച്ചാകണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ടയറുകൾ നിലവാരമുളളതാകണമെന്നും പൊലീസ് വ്യക്തമാക്കി. പെട്രോൾ വില വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ ഇ- സ്കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുമെന്ന നിഗമനത്തിലാണ് പൊലീസ്.