ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് നേടിയിട്ടുളള ഗോൾഡൻ വീസക്കാർക്ക് യുഎഇയിൽ നേരിട്ട് ലൈസൻസ് ടെസ്റ്റിന് ഹാജരാകാം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് ലൈസൻസ് സ്വന്തമാക്കാൻ യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ലെന്നും അതോറിറ്റി അറിയിച്ചു.
അബുദാബി ഉൾപ്പെടെയുളള എമിറേറ്റുകളിലും ഇതേ ഇളവുകൾ ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറമെ യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഉളളവർക്കും നേരിട്ട് ടെസ്റ്റിന് ഹാജരാകാൻ അവസരമുണ്ട്.
സാധാരണ വ്യക്തികൾക്ക് യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടണമെങ്കിൽ അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് തിയറിയും പ്രാക്ടിക്കൽ പരിശീലനവും വിജയിക്കണം. തിയറി, പാർക്കിങ്, റോഡ് ഡ്രൈവ് എന്നിങ്ങനെ മൂന്ന് കടമ്പകളാണ് കടക്കേണ്ടത്. ഇതിനു വൻതുക ചെലവു വരും.അതേ ഘട്ടത്തിൽ ഗോൾഡൻ വീസക്കാർക്ക് തിയറി (ലേണേഴ്സ്), റോഡ് ടെസ്റ്റുകൾ എന്നിവയ്ക്ക് നേരിട്ടു ഹാജരാകാനാകും. അതിനാൽ ടെസ്റ്റിനുള്ള തുക മാത്രം അടച്ചാൽ മതിയാകുമെന്നും അതോറിറ്റി അറിയിച്ചു.
ആർടിഎ വെബ്സൈറ്റ് (www.rta.ae)വഴി ഫീസും അടയ്ക്കാനും റോഡ് ടെസ്റ്റിനുള്ള തീയതി തിരഞ്ഞെടുക്കാനും കഴിയും. മാതൃരാജ്യത്തെ ലൈസൻസിൻ്റെ പകർപ്പും ഹാജരാക്കണം.