ദോഹയിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ കാത്തിരിക്കുന്നത് 150ലേറെ യാത്രക്കാർ.
ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ടേക്ക് ഓഫ് ചെയ്യാൻ നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തിരമായി നിർത്തിവെച്ചത്. സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റൺവേയിൽ വെച്ചു തന്നെ പരിശോധന നടത്തി. എന്നാൽ യാത്ര പുറപ്പെടാനായില്ല. അതേസമയം ഉച്ച സമയത്തെ കടുത്ത ചൂടിൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്ന യാത്രക്കാർ രണ്ടു മണിക്കൂറോളമാണ് നിർത്തിയിട്ട വിമാനത്തിൽ കഴിഞ്ഞുകൂടാൻ നിർബന്ധിതരായത്.
എന്നാൽ ഉടൻ പുറപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെ രണ്ടു മണിക്കൂർ കഴിഞ്ഞതിന് ശേഷം യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തിൽ തന്നെ ഇരുത്തുകയായിരുന്നു എന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. വൈകുന്നേരത്തോടെ വിമാനം പുറപ്പെടുമെന്ന് വിവരം ലഭിച്ചെങ്കിലും ഉണ്ടായില്ല. തുടർന്ന് രാത്രി ഒമ്പത് മണിയോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ചിലർ താമസ സ്ഥലങ്ങളിലേക്കും തിരികെ പോയി. എന്നാൽ തിങ്കളാഴ്ച ഉച്ചയ്ക്കുള്ള വിമാനം പുറപ്പെട്ടിട്ടും തലേന്ന് പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയവർ ഇപ്പോഴും യാത്ര തുടങ്ങാൻ കാത്തിരിക്കുകയാണ്.