നേരമിരുട്ടിത്തുടങ്ങുന്നതോടെ മൺചിരാതുകളും വൈദ്യുതാലങ്കാരങ്ങളും മിഴി തുറക്കും. അന്ധകാരമെന്തെന്നറിയാത്ത വിധം എങ്ങും പ്രകാശം അലയടിച്ചുകൊണ്ടേയിരിക്കും. ഇടയ്ക്കിടെ മാനത്ത് വിരിയുന്ന പൂങ്കിരണങ്ങൾ, കൺമുന്നിൽ വർണം വാരിവിതറി കത്തിജ്വലിക്കുന്ന കമ്പിത്തിരികളും മത്താപ്പൂക്കളും. പരസ്പരം സന്തോഷവും ഓർമ്മകളും പങ്കിട്ട് മധുരം നുണയുന്ന ബന്ധുക്കളും സുഹൃത്തുക്കളും.അങ്ങനെ ദീപാവലിക്ക് കാഴ്ചകളേറെയാണ്.
അന്ധകാരത്തിന് മേൽ പ്രകാശം നേടിയ വിജയത്തിൻ്റേയും തിന്മയ്ക്ക് മുകളിൽ നന്മ ആധിപത്യമുറപ്പിച്ച മുഹൂർത്തത്തിൻ്റേയും ആഘോഷമായ മറ്റൊരു ദീപാവലികൂടി വന്നെത്തിയിരിക്കുന്നു. ഒരുപക്ഷേ പണ്ടുകാലത്ത് ഹൈന്ദവ വിശ്വാസികളുടെ ആഘോഷം എന്ന രീതിയിൽ മാത്രം ഒതുങ്ങിപ്പോയിരുന്ന ദീപാവലി ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ആഹ്ലാദത്തോടെ ഏറ്റെടുക്കുന്ന ഒരുത്സവമായി മാറി. ജാതിക്കും മതത്തിനുമപ്പുറം ആഘോഷങ്ങൾ മനുഷ്യനുള്ളതാണ് എന്ന കാഴ്ചപ്പാടാകാം ഒരുപക്ഷേ ഈ മാറ്റത്തിന് കാരണം.
ഓണവും ക്രിസ്തുമസും പെരുന്നാളും പോലെതന്നെ ദീപാവലിയുടെ ആരംഭിക്കുന്നത് കുടുംബങ്ങളിൽ നിന്നുമാണ്. ഐശ്വര്യം കടന്നുവരുന്നതിന് മുമ്പ് ആന്ധകാരത്തിന്റെയും തിന്മയുടെയും ഭാണ്ഡക്കെട്ട് കുടുംബങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിനെ സൂചിപ്പിച്ചുകൊണ്ട് വീടും പരിസരവും വൃത്തിയാക്കുകയാണ് ആദ്യഘട്ടം. പിന്നീട് സന്തോഷത്തിന്റെ സൂചനയായി പുതിയ വർണങ്ങളും തോരണങ്ങളും ഉപയോഗിച്ച് വീട് മോടിപിടിപ്പിക്കും. കാർത്തിക മാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. രാത്രിക്ക് തീവ്രത കൂടുന്നതുകൊണ്ടുതന്നെ പ്രകാശം അത്രമേൽ പൂരിതമാകുന്ന കാഴ്ചയാണ് കൺമുന്നിൽ അന്ന് ദൃശ്യമാകുക. ഒരുപക്ഷേ അത്രയധികം പ്രകാശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ മറ്റൊരു ദിവസത്തിലും സാധിക്കില്ലെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.
ആ ദിവസം വന്നെത്തുന്നതോടെ വീടുകൾ മൺചിരാതുകളും മെഴുകുതിരികളും കൊണ്ട് പ്രകാശപൂരിതമാക്കിയും പുതുവസ്ത്രങ്ങളണിഞ്ഞ് അയൽക്കാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തും പലവർണത്തിലും രൂപത്തിലുമുള്ള പടക്കങ്ങൾ പൊട്ടിച്ചും നൃത്തം ചെയ്തും ഓർമ്മകളെ എക്കാലവും ഒരു ഫ്രെയ്മിനുള്ളിൽ സൂക്ഷിക്കാൻ ചിത്രങ്ങളെടുത്തും ആഘോഷം കെങ്കേമമാക്കും. അഞ്ച് ദിവസത്തെ ആഘോഷങ്ങൾക്ക് തിരശീല വീഴുന്നതോടെ അടുത്ത വർഷത്തെ ദീപാവലിക്കായുള്ള കാത്തിരിപ്പ് ബാക്കിയാകും.
ദീപങ്ങളുടെ ആഘോഷം എന്നതിലുപരി ഐതീഹ്യങ്ങളുടെ കെട്ടുകൾ തുറക്കപ്പെടുന്ന ദിവസം കൂടിയാണ് ദീപാവലി. എന്ത് ഐതീഹ്യമെന്നല്ലേ? ഒന്നല്ല, നിരവധി ഐതീഹ്യങ്ങളുടെ കവലറ തന്നെയാണ് ഈ ആഘോഷം എന്ന് വേണമെങ്കിൽ പറയാം. അതിൽ പ്രധാനപ്പെട്ടതാണ് ശ്രീരാമന്റെ മടങ്ങിവരവിനെ സൂചിപ്പിക്കുന്ന വിശ്വാസം. ഹിന്ദു ഇതിഹാസമായ രാമായണമനുസരിച്ച് 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നാടിന് ഐശ്വര്യം പ്രദാനം ചെയ്ത് സീതാദേവിയുമായി മടങ്ങിവന്ന ശ്രീരാമന് അയോദ്ധ്യയിലെ ജനങ്ങൾ അതിഗംഭീര വരവേൽപ്പാണ് നൽകിയത്. തെരുവുകൾ മുഴുവൻ മൺവിളക്കുകൾ കത്തിച്ചും അലങ്കരിച്ചും ശ്രീരാമന് അവർ വഴിതെളിച്ചു. ആ ദിവസത്തിന്റെ ഓർമ്മ പുതുക്കലായാണ് ദീപാവലി കൊണ്ടാടുന്നതെന്നാണ് ഒരു വിശ്വാസം.
മറ്റൊരു ഐതീഹ്യമെന്തെന്നോ? സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയാണ് ദീപാവലിയുടെ ആഘോഷ വേളയിൽ ഏറ്റവുമധികം ആരാധിക്കുന്ന മൂർത്തി. കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലായിരുന്നു ലക്ഷ്മിദേവി സമുദ്രത്തിന്റെ ആഴത്തിൽ നിന്ന് അവതാരമെടുത്തത് എന്നാണ് പറയപ്പെടുന്നത്. അതേ രാത്രിയിലാണത്രെ ദേവി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചതും. ഈ സംഭവത്തെ സാക്ഷ്യപ്പെടുത്തി എങ്ങും വെളിച്ചം തെളിയിച്ച് ആഘോഷിച്ചു. അതിനാലാണ് ഈ രണ്ട് സംഭവങ്ങളെയും ബന്ധപ്പെടുത്തി ദീപാവലിയോടനുബന്ധിച്ച് ചിരാതുകൾ കത്തിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.
ഇതിനുപുറമെ, നരകാസുരനെ മഹാവിഷ്ണു വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷിച്ചുവരുന്നത്. ഭൂമീദേവിയുടെ പുത്രനായ നരകാസുരൻ നാരായണാസ്ത്രം ലഭിച്ചതോടെ അതിക്രൂരനും ആരാലും തടുക്കപ്പെടാത്തവനുമായി മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നരകാസുരന്റെ ക്രൂരതയ്ക്കിരയായി. അങ്ങനെയിരിക്കെ ഒരു നാൾ സ്വന്തം ശക്തിയിൽ അഹങ്കരിച്ച നരകാസുരൻ ദേവേന്ദ്രന്റെ താമസ സ്ഥലത്ത് ചെന്ന് സ്ഥാനചിഹ്നങ്ങളായ വെൺകൊറ്റക്കുടയും കിരീടവും ഇന്ദ്രന്റെ അമ്മയായ അദിതിയുടെ വൈരക്കമ്മലുകളും കൈക്കലാക്കി.
നരകാസുരൻ്റെ ഈ ചെയ്തിയിൽ ഭയന്ന ഇന്ദ്രൻ മഹാവിഷ്ണുവിൻ്റെ അടുത്ത് അഭയം പ്രാപിച്ചു. തുടർന്ന് മഹാവിഷ്ണു മഹാലക്ഷ്മിയോടൊപ്പം ഗരുഢാരൂഢനായെത്തി നരകാസുരനുമായി യുദ്ധം ചെയ്യുകയും അർദ്ധരാത്രി കഴിഞ്ഞയുടൻ നരകാസുരനെ വധിക്കുകയും ചെയ്തു. നരകാസുര വധത്തിന്റെ ആനന്ദത്തിൽ ദേവന്മാർ ദീപങ്ങളോടും ആഹ്ലാദാരവങ്ങളോടും മധുരപലഹാരത്തോടും കൂടി ആ ദിനം കൊണ്ടാടി. ആ അവിസ്മരണീയ മൂഹൂർത്തത്തിന്റെ ഓർമ്മയാണ് ദീപാവലി ദിനത്തിൽ പുതുക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. ഇതിനുപുറമെ മഹാവീരൻ നിർവാണം പ്രാപിച്ചതിന്റെ അനുസ്മരണം എന്ന നിലയിൽ ജൈനമത വിശ്വാസികൾക്കിടയിലും കാളീപൂജകളോടെ ബംഗാളിലും ദീപാവലി ആഘോഷിച്ചുവരുന്നുണ്ട്.
ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നതല്ല ദീപാവലിയുടെ ഐതീഹ്യങ്ങൾ. ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം വ്യത്യസ്തമാണെങ്കിലും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും വരവറിയിക്കുന്ന ദീപങ്ങളുടെ ഉത്സവം എന്ന നിലയിൽ തന്നെയാണ് ആഘോഷം. മനുഷ്യജീവിതത്തിൽ സഹജമായ ദുഃഖത്തെ മാറ്റിനിർത്തി സമാധാനത്തോടെയും സന്തോഷത്തോടെയും പുതിയ പ്രതീക്ഷകളോടെയും മുന്നോട്ടുള്ള ജീവിതം നമ്മെ സ്നേഹിക്കുന്നവർക്കൊപ്പം ആസ്വദിക്കാനാണ് ഓരോ ദീപാവലിയും നമ്മോട് ആവശ്യപ്പെടുന്നത്. സ്വന്തം സന്തോഷത്തേക്കാൾ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വില കല്പിക്കുമ്പോഴാണ് ഓരോ ആഘോഷവും അർത്ഥവത്താകുന്നത്. ഏവർക്കും സമ്പൽ സമൃദ്ധിയുടെയും സമാധാനത്തിൻ്റേയും ദീപാവലി ആശംസകൾ നേരുന്നു.
എഴുത്ത് : ലിറ്റി ജോസ്