മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്കു ആക്കം കൂട്ടാൻ യുഎഇ മന്ത്രസഭാ യോഗത്തിന്റെ തീരുമാനം. ഇതിന്‍റെ ഭാഗമായി യുഎഇയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്താൽ വൻതുക നികുതി ഈടാക്കുന്ന പുതിയ കസ്റ്റംസ് നിയമത്തിന് മന്ത്രിസഭ രൂപം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്.
മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാൻ ഫാക്ടറികളെ പ്രോത്സാഹിപ്പിക്കാന്‍ നടപടികൾ സ്വീകരിക്കും. ഇതോടെ പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനവും ഉത്പാദനവും ഉയരുമെന്നാണ് നിഗമനം. അതേസമയം യുഎഇയില്‍ ലഭ്യമല്ലാത്തതും ഉല്‍പാദിപ്പിക്കാത്തതുമായ വസ്തുക്കൾക്ക് ഇറക്കുമതി ചുങ്കത്തില്‍ ഇളവ് നല്‍കാനും തീരുമാനമായി.
അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നത് ഉൾപ്പടെ നിര്‍ണായക തീരുമാനങ്ങളാണ് മന്ത്രിസഭ സ്വീകരിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ പ്രകടനവും യോഗം വിലയിരുത്തി. ജീവനക്കാര്‍ക്ക് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. പരിസ്ഥിതി സൗഹാര്‍ദത്തിലൂന്നി സുസ്ഥിര വികസനം നടപ്പാക്കുകയാണ് യുഎഇയുടെ ലക്ഷ്യമെന്നും യോഗം സൂചിപ്പിച്ചു.