കേരളത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. 8,000 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനത്തിന് ഈ വർഷം 15,390 കോടി രൂപ മാത്രമേ വായ്പ എടുക്കാൻ കഴിയുള്ളു. എന്നാൽ കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം 23,000 കോടി രൂപയായിരുന്നു കേന്ദ്രം വായ്പ പരിധിയായി അനുവദിച്ചത്. അതിൽ നിന്നാണ് 8,000 കോടി ഇപ്പോൾ കുറച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ നിത്യ ചെലവിനായി ഇതിനോടകം 2000 കോടി രൂപയാണ് സംസ്ഥാനം വായ്പ എടുത്തിട്ടുണ്ട്. ഈ തുക കുറച്ചാൽ 12,390 കോടി മാത്രമേ ഈ വർഷം കടമെടുക്കാൻ കഴിയൂ. ഇതോടെ സാമൂഹ്യ ക്ഷേമ പെൻഷൻ അടക്കമുള്ളവ വിതരണം ചെയ്യുന്നത് വീണ്ടും താളംതെറ്റിക്കുമെന്നാണ് ആശങ്ക.
കിഫ്ബിയുടെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുമുള്ള വായ്പകളും സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തിയതാണ് വെട്ടികുറയ്ക്കലിന് കാരണം. എന്നാൽ കിഫ്ബിയിൽ നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും നിന്നുമുള്ള വായ്പകൾ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തരുതെന്ന് സർക്കാർ വർഷങ്ങളായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും മുഖ്യമന്ത്രി കത്തയക്കുകയും സംസ്ഥാന ധനമന്ത്രി നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇത് സംസ്ഥാനത്തിന് അർഹമായതിന്റെ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിനുപുറമേയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റിലും 10,000 കോടി രൂപയുടെ കുറവ് കേന്ദ്രം വരുത്തിയത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.