അസം പൊലീസിലെ ലേഡി സിംഹം, വനിതാ പൊലീസ് ഉദ്യോഗസ്ഥ റോഡ് അപകടത്തിൽ കൊല്ലപ്പെട്ടു. വനിതാ സബ് ഇൻസ്പെക്ടർ ജുൻമോഹി രാഭ എന്ന മുപ്പതുകാരിയാണ് നാഗോൺ ജില്ലയിൽ വച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. സാരുഭുഗിയ ഗ്രാമത്തിൽ വച്ചായിരുന്നു അപകടമുണ്ടായത്.
ജഖാലബന്ധ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലാണ് ഇവിടം ഉൾപ്പെടുന്നത്. ജുൻമോഹി രാഭയ്ക്കെതിരെ അന്യായമായ പണം കൈവശപ്പെടുത്തിയെന്ന കേസ് ചുമത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ജുൻമോഹിയുടെ കാർ അപകടത്തിൽപ്പെടുന്നത്. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് ജുൻമോഹിയുടെ കുടുംബം ആരോപിക്കുന്നത്. ഉത്തർ പ്രദേശ് രജിസ്ട്രേഷനുള്ള ലോറിയാണ് ജുൻമോഹിയെ ഇടിച്ച് തെറിപ്പിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവർ ഒളിവിൽ പോയതായാണ് വിവരം.
രാഭയ്ക്കെതിരെ രണ്ട് കോൺട്രാക്ടർമാരാണ് പരാതി നൽകിയത്. മജുലിയിൽ ചാർജ് എടുത്തതിന് ശേഷം രാഭയാണ് പ്രതിശ്രുതവരൻ റാണ പൊഗാഗിനെ തങ്ങൾക്ക് പരിചയപ്പെടുത്തിയെന്നും തുടർന്നാണ് ഇയാളുമായി സാമ്പത്തിക ഇടാപാടുകൾ നടത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തങ്ങളെ ഇരുവരും ചേർന്ന് ചതിച്ചുവെന്നും പരാതിയിൽ കോൺട്രാക്ടർമാർ ആരോപിച്ചിരുന്നു.