അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന് പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായും ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള ടീം എത്തുമെന്നുമാണ് മന്ത്രി അറിയിച്ചത്.
ഒന്നരമാസത്തിനകം അർജൻ്റീനാ ടീം അധികൃതർ കേരളത്തിലെത്തുകയും തുടർന്ന് ഔദ്യോഗികമായി സർക്കാരും അർജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്തുകയും ചെയ്യും. തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് അർജന്റീന ടീം ആണ്. കേരളത്തിൽ എവിടെയാണ് മത്സരം നടത്തേണ്ടതെന്നും അവർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
2025-ലായിരിക്കും മത്സരം നടക്കുക. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാൽ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി കേരളത്തിൽ മത്സരം സംഘടിപ്പിക്കാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.