ഖത്തറിലെ അൽഖോർ-അൽ ദഖീറ നഗരസഭയിലെ കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 85 % കുറവ്. സമീപ വർഷങ്ങളിലായി ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സമഗ്രമായി സ്വീകരിച്ചതിനാൽ ആണ് ലംഘനങ്ങൾ ഗണ്യമായി കുറയാൻ കാരണമായതെന്ന് നഗരസഭ ഡയറക്ടർ അബ്ദുല്ലസീസ് അൽ സയ്യിദ് വ്യക്തമാക്കി.
തൊഴിലാളികൾക്ക് താമസിക്കാൻ അൽഖോർ ഇൻഡസ്ട്രിയൽ ഏരിയ, ബർവ ഹൗസിങ് കോംപ്ലക്സ് എന്നിവിടങ്ങളിലായി അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കുടുംബ പാർപ്പിട മേഖലകളിൽ തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 90 പരിശോധനകൾ നടത്തിയതിൽ 36 ലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും അധികൃതർ ചൂണ്ടികാട്ടി. 39 പഴയ വീടുകളും ഒഴിപ്പിച്ചിട്ടുണ്ട്. കൂടാതെ സർക്കാരിന്റെ സ്വത്ത് കയ്യേറ്റം ചെയ്യുന്നത് സംബന്ധിച്ച 25 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.