അബുദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്. കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും ഉത്തരവാദപ്പെട്ടവർ ദിവസവും നേരിട്ട് വരണമെന്നാണ് നിബന്ധന.
നവംബർ 24 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനുമായി ഉത്തരവാദപ്പെട്ടവർ പ്രത്യേക അനുമതിപത്രം പ്രിൻസിപ്പലിന് എഴുതി ഒപ്പിട്ട് നൽകണം. കുട്ടികളുമായി വരുന്ന ആളുടെയും ഫോട്ടോ, എമിറേറ്റ്സ് ഐഡി, ഫോൺ നമ്പറുകൾ എന്നിവ അനുമതിപത്രത്തിൽ ചേർക്കണം.
റോഡ് കുറുകെ കടക്കുന്നതിനിടെ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചതിനെ തുടർന്നാണ് അബുദാബി മോഡൽ പ്രൈവറ്റ് സ്‌കൂൾ പിക്-അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്. നിബന്ധന പ്രകാരം 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ തനിച്ചു പോകാൻ അനുമതിയുള്ളു. അതിനും രക്ഷിതാക്കളുടെ അനുമതിപത്രം നിർബന്ധമാണ്. 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമേ ഇതേ സ്‌കൂളിലെ സഹോദരങ്ങളെ (1-8 വരെ) കൂട്ടാനാകൂ.