എക്സിന്റെ (പഴയ ട്വിറ്റർ) ഉപയോക്താക്കളാകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. പുതിയ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് എക്സ്. കമ്പനി മേധാവിയായ ഇലോൺ മസ്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എപ്പോഴാണ് പുതിയ സംവിധാനം ആരംഭിക്കുന്നതെന്നോ എത്ര പണം ഈടാക്കുമെന്നതോ സംബന്ധിച്ച വിവരങ്ങളൊന്നും മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല.
വ്യാജ അക്കൗണ്ടുകൾ തടയുകയും അതുവഴി എക്‌സിൻ്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എക്സിൽ പോസ്റ്റ് ചെയ്യുന്നതിനും ലൈക്ക്, റിപ്ലൈ എന്നിവയ്ക്കുമായിരിക്കും പണം നൽകേണ്ടി വരിക. ചെറിയ രീതിയിൽ പണം ഈടാക്കിത്തുടങ്ങിയാൽ വ്യാജന്മാർ അക്കൗണ്ട് തുറക്കില്ലെന്നാണ് മസ്‌കിന്റെ വിലയിരുത്തൽ. എന്നാൽ പുതിയ അക്കൗണ്ടുകളിൽ നിന്ന് മറ്റ് പ്രൊഫൈലുകൾ തെരയുന്നതിനോ മറ്റുള്ളവരെ ഫോളോ ചെയ്യുന്നതിനോ അവരുടെ പോസ്റ്റ് വായിക്കുന്നതിനോ പണം നൽകേണ്ടതില്ല.
ന്യൂസിലാൻഡ്, ഫിലിപ്പൈൻസ് എന്നിവിടങ്ങിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ പണം ഈടാക്കുന്നുണ്ട്. ന്യൂസിലൻഡിൽ 1.75 ഡോളറാണ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്. അമേരിക്കയിൽ ഇത് അവതരിപ്പിക്കപ്പെട്ടാൽ 1 യുഎസ് ഡോളർ ആയിരിക്കും നിരക്ക് എന്നാണ് വിലയിരുത്തൽ. എക്സ് പണം ഈടാക്കുമെന്നത് സംബന്ധിച്ച് കുറച്ച് കാലമായി സാമൂഹ്യമാധ്യമങ്ങളിൽ വാർത്തകൾ സജീവമായിരുന്നു.