ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. എന്നാൽ എപ്പോഴാകും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായുള്ള 2.24.9.28 അപ്ഡേഷനിൽ ഈ ഫീച്ചർ ഉണ്ടെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ വാട്സ്ആപ്പ് കോളിങ് സൗകര്യം നൽകുന്നുണ്ട്. എന്നാൽ സേവ് ചെയ്തിരിക്കുന്ന കോൺടാക്ടുകളെ മാത്രമാണ് ഈ ഫീച്ചർ ഉപയോഗിച്ച് വിളിക്കാൻ സാധിക്കുക. എന്നാൽ ഈ പോരായ്മ മറികടക്കാൻ ഒരു ഇൻ ആപ്പ് ഡയലർ വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ട്.
കൂടാതെ, വാട്സ്ആപ്പിലെ പുതിയ ഡയലർ എങ്ങനെയായിരിക്കുമെന്നതിൻ്റെ സൂചന നൽകുന്ന സ്‌ക്രീൻഷോട്ടും വാബീറ്റഇൻഫോ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ഇൻ ആപ്പ് ഡയലർ കൂടാതെ കോൺടാക്റ്റുകളും ഗ്രൂപ്പുകളും ക്രമീകരിക്കാനുള്ള ഒരു ഓപ്ഷനും ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് തയാറാക്കുന്നുണ്ട് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു.