ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഓഫീസറും പോണ്ടിച്ചേരി മുൻ ലഫ്.ഗവർണറുമായിരുന്ന കിരൺ ബേദിയുടെ ഒരു ട്വീറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. കിരൺ ബേദി ഇന്നലെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ 10 ലക്ഷത്തിലധികം പേർ കാണുകയും പതിനായിരത്തോളം പേർ ലൈക്ക് ചെയ്യുകയും ആയ്യായിരത്തിലധികം പേർ പങ്കുവെക്കുകയും ചെയ്തു. സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററിനെ വെള്ളത്തിൽ നിന്ന് കുതിച്ചുപൊങ്ങി വിഴുങ്ങുന്ന ഒരു ഭീകരജീവിയാണ് വിഡിയോയിൽ ഉള്ളത്. ദശലക്ഷം ഡോളർ നൽകി നാഷണൽ ജ്യോഗ്രഫിക് ചാനൽ സ്വന്തമാക്കിയ അത്യപൂർവ്വ ദൃശ്യമെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
കടലിന് മുകളിലൂടെ വരുന്ന ഹെലികോപ്റ്റർ നോക്കി നിൽക്കുന്ന ആളുകളെയും വീഡിയോയിൽ കാണാം. 15 സെക്കൻറ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി ട്വിറ്റർ ഹാൻഡിലുകളിൽ ഷെയർ ചെയ്തിരിക്കുകയാണ്.
വീഡിയോ വാസ്തവത്തിൽ ഉണ്ടായ സംഭവം ആണോയെന്ന് സംശയം ഉയർന്നപ്പോഴാണ് ഇതേ വീഡിയോ വർഷങ്ങൾക്ക് മുൻപും പ്രചരിച്ചതായി ഇന്റർനെറ്റ് പറയുന്നത്.
സെർച്ച് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ ദൃശ്യങ്ങൾ ഉൾപ്പെട്ട യൂട്യൂബ് ലിങ്ക് ലഭിച്ചു. 5 ഹെഡഡ് ഷാർക്ക് അറ്റാക്ക് എന്ന സിനിമയുടെ ട്രെയ്ലറിലെ ദൃശ്യങ്ങൾ ആണിത്. നികോ ഡി ലിയോൺ ടെലിവിഷന് വേണ്ടി നിർമ്മിച്ച സയൻറഫിക് ഹൊറർ ചിത്രത്തിന്റെ 2017 സെപ്തംബർ 5ന് യൂട്യൂബിൽ റിലീസ് ആയ ട്രെയിലെർ ആണത്.
നാഷണൽ ജ്യോഗ്രഫിക് ചാനൽ ദശലക്ഷക്കണക്കിന് ഡോളർ നൽകി വാങ്ങിയ അപൂർവ്വ ദൃശ്യം എന്ന തരത്തിൽ പ്രചരിക്കുന്നത് ഇംഗ്ലീഷ് സിനിമയിൽനിന്നുള്ള ഭാഗമാണെന്ന് കണ്ടെത്തിയതോടെ ട്വീറ്റിലെ വിവരം വ്യാജമാണെന്ന് തെളിഞ്ഞു.