ഡീപ്‌ഫേക്ക് ചെയ്ത ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി അവയുടെ ഉള്ളടക്കം നീക്കം ചെയ്യാൻ സമൂഹ മാധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയം നൽകി കേന്ദ്രസർക്കാർ. ഉപയോക്തൃ പരാതികൾ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ 12 തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന നിലവിലെ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം ഉള്ളടക്കം നീക്കം ചെയ്യാൻ നൽകുന്ന സമയപരിധി കഴിഞ്ഞാൽ ഐടി ചട്ടങ്ങൾ പ്രകാരം നടപടിയെടുക്കും. ഡീപ്ഫേക്കുകൾക്ക് ഇരയായാൽ 24 മണിക്കൂറിനുള്ളിൽ തന്നെ നിയമസഹായം തേടണം. പൊലീസിൽ പരാതിപ്പെടാൻ മടിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും മറ്റ് പങ്കാളികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ഡീപ്ഫേക്കുകളുടെ വ്യാപനം കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും ഐടി മന്ത്രാലയം അറിയിച്ചു.
ഡീപ്‌ഫേക്കുകൾ ജനാധിപത്യത്തിന് ഭീക്ഷണിയാണ് എന്നായിരുന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അടുത്തിടെ സെലിബ്രിറ്റികളുടെ ഡീപ്പ് ഫേക്കുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നടി രശ്മിക മന്ദാനയുടെയും സാറ ടെൻഡുൽക്കറുടെയും ഡീപ്പ് ഫേക്കുകൾ വൈറലായിട്ടുണ്ട്. ഇവരിൽ രശ്മിക മന്ദാന ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.