ആപ്പിൾ കംപ്യൂട്ടർ ഉപയോക്താക്കൾക്കായി പുതിയ വിൻഡോസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഈ ആപ്പ് വഴി ആപ്പിൾ കംപ്യൂട്ടറുകളിലും ഐഫോണിലും ഐപാഡിലും മാക്ക് ഓഎസിലും വിവിധ ബ്രൗസറുകളിലും വിൻഡോസ് ഉപയോഗിക്കാൻ സാധിക്കും. കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിൽ വെച്ചാണ് മൈക്രോസോഫ്റ്റ് വിൻഡോസ് ആപ്പ് പ്രഖ്യാപിച്ചത്.
നിലവിൽ പ്രിവ്യൂ ഘട്ടത്തിലുള്ള ആപ്പ് എപ്പോഴാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക എന്ന് വ്യക്തമല്ല. വിൻഡോസ് 365, അഷ്വർ വിർച്വൽ ഡെസ്ക്ടോപ്പ്, മൈക്രോസോഫ്റ്റ് ഡെവ് ബോക്സ്, പേഴ്സണൽ റിമോട്ട് ഡെസ്ക്ടോപ്പ് പിസി എന്നിവയെല്ലാം ഏത് ഉപകരണത്തിൽ നിന്നും ഉപയോഗിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. തുടക്കത്തിൽ ഐഒഎസ്, ഐപാഡ് ഒഎസ്, വിൻഡോസ്, വെബ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ഈ സേവനം ലഭ്യമാകുക. ഭാവിയിൽ ആൻഡ്രോയിഡിലേയ്ക്കും ഇത് എത്തുമെന്നാണ് സൂചന.
റിമോട്ട് ഡെസ്ക് ടോപ്പ്, ആർഡിപി കണക്ഷൻ എന്നിവയ്ക്കൊപ്പം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പിസി സേവനങ്ങൾ ഏകീകരിക്കുന്ന കസ്റ്റമൈസ് ചെയ്യാനാവുന്ന ഒരു ഹോം സ്ക്രീൻ ആയാണ് ആപ്പ് പ്രവർത്തിക്കുക. വിൻഡോസ് ആപ്പിനൊപ്പം വിൻഡോസ് 365 സേവനത്തിൽ ജിപിയു പിന്തുണയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എഐ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി പുതിയ ഫീച്ചറുകളും വിൻഡോസ് 365-ൽ ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.