റിലയൻസ് ജിയോയുടെ 5ജി സേവനം ‘ജിയോ ട്രൂ 5ജി’ കൊച്ചിയിൽ ഇന്നു മുതൽ ഔദ്യോഗിക തുടക്കം. കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് ജിയോ ആണ്. എയർടെൽ 5ജി കൊച്ചിയിൽ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി തുടങ്ങിയിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി. ജിയോ ട്രൂ 5ജിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 5.30ന് നിർവഹിക്കും.
സെക്കൻഡിൽ 1 ജിബി വരെ സ്പീഡ് നൽകുമെന്നാണ് ജിയോയുടെ അവകാശവാദം. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്‍നൽ നൽകുന്ന നോൺ–സ്റ്റാൻഡ് എലോൺ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂർണമായും കാര്യക്ഷമമല്ലാത്തതിനാൽ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് ‘റിലയൻസ് ട്രൂ 5ജി’യിലുണ്ടാവുക.
ജിയോ ഉപയോക്താക്കൾക്ക് 5ജി സേവനത്തിന് സിം കാർഡ് മാറ്റേണ്ടതില്ല. 5ജി സപ്പോർട്ടിംഗ് ഫോൺ ഉണ്ടായിരിക്കണം. പോസ്റ്റ്പെയ്ഡ് കണക‍്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ റീചാർജ് ചെയ്തിരിക്കണം. ഇതോടെ ജിയോ വെൽകം ഓഫർ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. മൈ ജിയോ ആപ്പ് തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ ക്ഷണം ലഭിച്ചു എന്നാണർഥം. അതിൽ ‘I’m interested’ ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടി പൂർത്തിയാക്കാവുന്നതാണ്. ഫോൺ സെറ്റിങ്ങിംഗ്സിൽ മൊബൈൽ നെറ്റ്‍വർക് മെനു തുറന്ന് ജിയോ സിം തിരഞ്ഞെടുക്കുക. ഇതിൽ ‘പ്രിഫേർഡ് നെറ്റ്‍വർക് ടൈപ്പിൽ’ 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിന് മുകളിൽ 5ജി ചിഹ്നം പ്രത്യക്ഷമാകും.