ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന കാലഘട്ടത്തിൽ അവയെ ചെറുക്കാൻ നൂതന സംവിധാനവുമായി ഗൂഗിൾ. ഇന്ത്യയിൽ തട്ടിപ്പ് ലക്ഷ്യംവെച്ച് വിവിധ വായ്പാ ആപ്പുകളടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് സുരക്ഷാപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കവച് ഡിജിറ്റൽ സെക്യൂരിറ്റിയിൽ ഒരു പാസ് വേർഡ് മാനേജറും സുരക്ഷിത ബൗസറും ഉള്ളതിനാൽ അക്കൗണ്ടുകൾ സുരക്ഷിതമായിരിക്കും. എഐയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
വഞ്ചനയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന വിവിധ ടൂളുകളോടെയാണ് ഡിജി കവച് രൂപപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പുകാരുടെ പ്രവർത്തന രീതി നിരന്തരം ട്രാക്ക് ചെയ്യുകയും അവ എങ്ങനെ പ്രവർത്തിക്കുമെന്ന് പ്രവചിക്കുകയും ചെയ്യുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് ടൂളുകൾ ഉപയോഗിച്ചാണ് പ്രവർത്തനം. വഞ്ചനാപരമായ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനും ഒരു ഉപയോക്താവ് തത്സമയം സന്ദർശിക്കുന്ന എല്ലാ URL ഉം കവച് ഡിജിറ്റൽ സെക്യൂരിറ്റി സ്കാൻ ചെയ്യും. കൂടാതെ തട്ടിപ്പുകാരുടെ രീതികൾ തിരിച്ചറിയുന്നതിനായി കവച് ഡിജിറ്റൽ സെക്യൂരിറ്റി 41 അൽഗോരിതം ഉപയോഗിക്കുന്നുമുണ്ട്.
ഡിജി കവചിന്റെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് സൂചന. തുടക്കത്തിൽ ഇന്ത്യയിലായിരിക്കും ഗൂഗിൾ ഈ സംവിധാനം ആരംഭിക്കുക. പ്രാദേശിക ഭാഷകളിലും ഡിജി കവചിന്റെ സേവനം ലഭ്യമാക്കുന്നതിനാൽ എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദമായിരിക്കും പുതിയ സംവിധാനം.