ജി-മെയിലിൽ ഉണ്ടായിരുന്ന ഒരു ഫീച്ചർ കൂടി പിൻവലിച്ചിരിക്കുകയാണ് ഗൂഗിൾ. ഇനി മുതൽ ഈ സൗകര്യം ഉപയോക്താക്കൾക്ക് ലഭിക്കില്ല. ഏത് ഫീച്ചറാണ് പിൻവലിച്ചത് എന്നല്ലേ? പത്ത് വർഷത്തിലധികമായി ജി-മെയിലിൽ നിലനിൽക്കുന്ന ബേസിക് എച്ച്ടിഎംഎൽ വ്യൂ സൗകര്യം ഇനി ജി-മെയിൽ അക്കൗണ്ടുകളിൽ തുടരുന്നില്ലെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 ജനുവരി ആദ്യം മുതൽ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ തുറക്കുമ്പോൾ അതിൽ ബേസിക് എച്ച്ടിഎംഎൽ വ്യൂവിനുള്ള സൗകര്യം ഉണ്ടാകില്ല.
ജി-മെയിലിലെ അധിക സൗകര്യങ്ങളും അലങ്കാരങ്ങളുമില്ലാതെ മെയിൽ പരിശോധിക്കാനും മറുപടി അയക്കാനും പുതിയ മെയിലുകൾ ക്രിയേറ്റ് ചെയ്യാനും സഹായിച്ചിരുന്ന സൗകര്യമാണ് ബേസിക് എച്ച്ടിഎംഎൽ വ്യൂ. ഇന്റർനെറ്റ് വേഗത വളരെ കുറവായിരിക്കുന്ന സ്ഥലങ്ങളിലും സന്ദർഭങ്ങളിലും ഒപ്പം ചില പ്രത്യേക ബ്രൗസറുകളിലും ഇത് വളരെയധികം സഹായകമായിരുന്നു. ജിമെയിലിന്റെ പുതിയ പതിപ്പുകളിൽ ലഭ്യമായിട്ടുള്ള ചാറ്റ്, സ്പെൽ ചെക്കർ, സെർച്ച് ഫിൽട്ടറുകൾ, കീബോർഡ് ഷോർട്ട്കട്ടുകൾ, റിച്ച് ഫോർമാറ്റിങ് തുടങ്ങിയവയൊന്നും ബേസിക് എച്ച്റ്റിഎംഎൽ വ്യൂവിൽ ലഭിച്ചിരുന്നില്ല.
എന്നാൽ ഇന്റർനെറ്റ് വേഗത പരിമിതമായിരുന്ന സന്ദർഭങ്ങളിൽ ഇവ ഏറെ പ്രയോജനകരമായിരുന്നു. ബേസിക് എച്ച്റ്റിഎംഎൽ വ്യൂ അവസാനിപ്പിക്കുമ്പോൾ പകരം വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനുകൾക്കായി എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തുമോ എന്നത് സംബന്ധിച്ച് ഗൂഗിൾ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് ഫീച്ചർ പിൻവലിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ജി-മെയിലിൽ നിന്ന് മെയിലായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.