വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ആരുമറിയാതെ ഇറങ്ങി പോകാനുള്ള ഫീച്ചർ വരുന്നു. നിലവിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും എക്സിറ്റ് ചെയ്താൽ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഓട്ടോമേറ്റഡ് നോട്ടിഫിക്കേഷൻ ലഭിക്കും. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഇനി ഗ്രൂപ്പ് അംഗങ്ങൾ അറിയാതെ ഗ്രൂപ്പിന് പുറത്ത് പോകാം. ഗ്രൂപ്പ് അഡ്മിന് മാത്രമേ പുറത്തുപോയത് ആരാണെന്ന് അറിയാൻ സാധിക്കൂ. വാട്ട്സ് ആപ്പ് ബീറ്റ ട്രാക്കർ WABetaInfo പങ്കുവെച്ചതാണ് ഈ വിവരം.
വാട്ട്സ്ആപ്പ് ഡെസ്ക് ടോപ്പ് ബീറ്റ വേർഷനിലെ സ്ക്രീൻ ഷോട്ട് അടക്കമാണ് പുതിയ ഫീച്ചറിനെ കുറിച്ച് വിവരിക്കുന്നത്. ഗ്രൂപ്പിന് പുറത്തുപോകുന്ന വ്യക്തിക്ക് ‘ഗ്രൂപ്പ് അഡ്മിന് മാത്രമേ എക്സിറ്റ് ചെയ്യുന്ന വിവരം ലഭിക്കൂ’ എന്ന സന്ദേശമായിരിക്കും ആദ്യം പോപ്പ് അപ്പ് ചെയ്യുക. തുടർന്ന് ഉപയോക്താവിന് എക്സിറ്റ് ബട്ടൺ അമർത്താം. ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ എന്നുമുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.