ഇന്ത്യൻ വാഹന വിപണിയിൽ എക്കാലത്തെയും മികച്ച നേട്ടം കരസ്ഥമാക്കി ടാറ്റ ടിയാഗോ. വിൽപനയിൽ അഞ്ച് ലക്ഷം പിന്നിട്ടിരിക്കുകയാണ് സുരക്ഷയിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഈ മിന്നും താരം. 15 മാസങ്ങൾ കൊണ്ട് ഒരു ലക്ഷം യൂണിറ്റ് കാറുകൾ നിരത്തുകളിൽ എത്തിച്ചാണ് നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് ടിയാഗോയുടെ വിൽപ്പന കുതിച്ചത്. ടാറ്റയുടെ എൻട്രി ലെവൽ മോഡലായ ടിയാഗോ എന്ന ഹാച്ച്ബാക്ക് കാറാണ് സ്വീകാര്യതയിൽ മുൻപന്തിയിൽ.
2016-ൽ വിപണിയിൽ അവതരിപ്പിച്ച ഈ ഹാച്ച്ബാക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് അഞ്ച് ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ വർഷത്തെ ആദ്യ പാദത്തിലെ വിൽപ്പനയിൽ 42 ശതമാനം ടിയാഗോ ഇ.വിയുടെ സംഭാവനയാണ്. പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവർട്രെയിനുകളിൽ ടിയാഗോ വിപണിയിൽ എത്തുന്നുണ്ട്. ടിയാഗോ വിൽപ്പനയുടെ 60 ശതമാനവും നഗരപ്രദേശങ്ങളിൽ നിന്നും 40 ശതമാനം ഗ്രാമപ്രദേശങ്ങളിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടിയാഗോ ഉപയോക്താക്കളിൽ 71 ശതമാനവും ആദ്യമായി കാർ സ്വന്തമാക്കുന്നവരാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
1.2 ലിറ്റർ പെട്രോൾ, ഐ-സി.എൻ.ജി. എന്നീ രണ്ട് ഫ്യുവൽ ഓപ്ഷനുകളിലാണ് ടിയാഗോ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എ.എം.ടി. എന്നീ ഗിയർബോക്സുകൾ ഇതിൽ ട്രാൻസ്മിഷൻ നൽകുന്നുണ്ട്. കാര്യമായ സുരക്ഷ സന്നാഹങ്ങൾ ഒരുക്കിയിട്ടുള്ള ഈ വാഹനം ക്രാസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്യുവൽ എയർബാഗ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, എ.ബി.എസ്, ഇ.ബി.ഡി, പാർക്കിങ്ങ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഇതിലുണ്ട്. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തിൽ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ മാർക്കറ്റ് വില.