വളരെ ആവേശത്തോടെ ജനങ്ങൾ എറ്റെടുത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായിരുന്നു ത്രെഡ്സ്. അവതരിപ്പിച്ച് ആദ്യ 2 മണിക്കൂറിനുള്ളിൽ തന്നെ 2 ദശലക്ഷം പേരും 7 മണിക്കൂറിനുള്ളിൽ 10 ദശലക്ഷം പേരുമാണ് ത്രെഡ്സ് ഉപയോഗിച്ചത്. മാർക്ക് സക്കർബർഗിന്റെ മെറ്റ അവതരിപ്പിച്ച ത്രെഡ്സിന് വളരെയേറെ സ്വീകാര്യതയായിരുന്നു തുടക്കത്തിൽ ലഭിച്ചിരുന്നത്. എന്നാൽ അവതരിപ്പിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ ത്രെഡ്സിന്റെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സിമിലർ വെബ്ബ് നൽകുന്ന കണക്കനുസരിച്ച് ത്രെഡ്സിലേക്കുള്ള ഉപഭോക്താക്കളുടെ വരവ് ജൂലായ് 7-നാണ് ഏറ്റവും കൂടുതലുണ്ടായിരുന്നത്. 4.9 കോടിയാളുകളാണ് അന്ന് ത്രെഡ്സിലേക്കെത്തിയത്. എന്നാൽ ഇത് ക്രമേണ കുറഞ്ഞ് ജൂലായ് 14 ആയപ്പോഴേക്കും 2.36 കോടിയിലേക്ക് കുറഞ്ഞു. കൂടാതെ ആപ്പിൽ ഉപഭോക്താക്കൾ ത്രെഡ്സിൽ ചിലവഴിക്കുന്ന ശരാശരി സമയം 21 മിനിറ്റിൽ നിന്ന് 6 മിനിറ്റായും കുറഞ്ഞു. പിന്നീട് ദിവസങ്ങൾ കഴിയുംതോറും ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായെങ്കിലും ത്രെഡ്സിന്റെ മേധാവി മാർക്ക് സക്കർബർഗ് പ്രതീക്ഷയിൽ തന്നെയാണ്. തുടക്കത്തിലെ വളർച്ച പ്രതീക്ഷിച്ചതിലും വലുതായിരുന്നുവെന്നും ഇതിൽ സ്ഥിരത കൈവരിക്കാൻ സമയമെടുക്കുമെന്നും ഉപഭോക്താക്കളെ നിലനിർത്തുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കാനായിരിക്കും കമ്പനിയുടെ ഇനിയുള്ള ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാം നെറ്റ് വർക്കിന് കീഴിൽ ഒരു ചാറ്റിംഗ് ആപ്പ് പോലെയാണ് ത്രെഡ്സ് പ്രവർത്തിക്കുന്നത്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഉപയോഗിച്ച് തന്നെ ത്രെഡ്സിൽ ലോഗിൻ ചെയ്യാനാവും. നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചത്.