എംഎ യൂസഫലിയും അബുദാബി രാജകുടുംബവും തമ്മിലുളള ബന്ധം മലയാളികൾക്ക് ആകെ അഭിമാനവും പ്രചോദനവും നല്‍കുന്നതാണ്. ഏറെക്കാലമായി നിലനില്‍ക്കുന്ന ആ ഊഷ്മള ബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയുടെ പുതിയ രാഷ്ട്രപിതാവായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനുമായി വിവിധ സന്ദര്‍ഭങ്ങളില്‍ ഒത്തൊരുമിച്ചതെന്‍റെ ദൃശ്യങ്ങളാണുളളത്.
വിവിധ കാലഘട്ടങ്ങൾ വ്യക്തമാക്കുന്ന തരത്തില്‍ ശൈഖ് മുഹമ്മദിന്‍റേയും എംഎ യൂസഫലിയുടേയും രൂപമാറ്റങ്ങൾ പ്രകടമാകുന്നതും വീഡിയോയിലെ കൗതുകമാണ്.
1973 ഡിസംബറിലാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി എംഎ യൂസഫലി യുഎഇയിലെത്തിയത്. പിന്നിട് യൂസഫലിയുടെ ലുലു ഗ്രൂപ്പ് ലോക വ്യാപക ബിസിനസ് സാമ്രാജ്യമായി വളരുകയായിരുന്നു. തന്‍റെ വളര്‍ച്ചയില്‍ അബുദാബി രാജകുടുംബത്തിനുളള പങ്ക് വിനായാന്വീതനായി യൂസഫലിയും പങ്കുവയ്ക്കാറുണ്ട്. 47 വര്‍ഷമായി യൂസഫലി താമസിക്കുന്നതും അബുദാബിയിലാണ്.
യൂസഫലിയ്ക്ക് അബുദാബി നഗരത്തിന്‍റെ ഹൃദയഭാഗത്ത് വീടുവയ്കാനുളള സ്ഥലം അനുവദിച്ചത് രാജകുടുംബമാണ്. യുഎഇയുടെ വാണിജ്യ-വ്യാപാര മേഖലകളില്‍ യൂസഫലി നല്‍കിയ സംഭാവനകളും ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങളു കണക്കിലെടുത്ത് ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് യൂസഫലിയ്ക്ക് നല്‍കിയിട്ടുണ്ട്. അന്ന് യൂസഫലി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നതും വീഡിയോയില്‍ കാണാം.
രാജകുടുംബത്തിലെ വിശിഷ്ട ചടങ്ങുകൾ നടക്കുമ്പോഴും ഇന്ത്യയില്‍നിന്ന് ഉന്നത നേതാക്കൾ സന്ദര്‍ശനം നടത്തുമ്പോഴുമൊക്കെ യൂസഫലി വിശിഷ്ടാഥിതിയായി പങ്കെടുക്കാറുണ്ട്. യുഎഇയുടെ പുതിയ പ്രസിഡന്‍റുമായി എംഎ യൂസഫലിക്കുളള ദീര്‍ഘകാല ബന്ധം കേരളത്തിനും മലയാളികൾക്കും മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.